കൊച്ചി: നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്. മിമിക്രി ഷോകളൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. സംവിധായകൻ ബാലുകിരിയത്ത് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ 38 മിമിക്രി കലാകാരന്മാരിൽ ഒരാളാണ്. ഹിറ്റ്ലർ ബ്രദേഴ്സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ദേയ വേഷങ്ങൾ അവതരിപ്പിച്ചു. നിരവധി മിമിക്രി സ്റ്റേജ് ഷോകൾ ചെയ്‌തിരുന്നു. കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവർത്തനം. രഹനയാണ് ഭാര്യ. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്.

RIP
🙏