കാസർകോട്: വിനായക ചതുർത്ഥി പ്രമാണിച്ച് ആഗസ്റ്റ് 27ന് ബുധനാഴ്ച കാസർകോട് ജില്ലയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാവർഷവും ഈ ദിനത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. കുമ്പള, മുള്ളേരിയ, മേൽപറമ്പ് പള്ളിപ്പുറം, സീതാംഗോളി, നീർച്ചാൽ, പെർല, മഞ്ചേശ്വരം തുടങ്ങിയ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗണേശോത്സവം വളരെ വിപുലമായി കൊണ്ടാടുന്നു. മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്. അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു.
