തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ കേസില്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ കീഴടങ്ങി. വിനീത, രാധു എന്നിവര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരേയും അറസ്റ്റുരേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായില്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.
