തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ മധ്യവേനലവധിക്കാലം ജൂണ്‍ -ജുലൈ മാസങ്ങളാക്കിയാലെന്തേ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരായുന്നു.
സ്‌കൂള്‍ മധ്യവേനല്‍ അവധിക്കാലം ഈ മാസങ്ങളിലാക്കുന്നതിനെക്കുറിച്ചു പൊതു ചര്‍ച്ചകള്‍ക്കു മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. നിലവില്‍ ഏപ്രില്‍ -മേയ് മാസങ്ങളിലാണ് സംസ്ഥാനത്തു മധ്യവേനലവധി. ഈ മാസങ്ങളില്‍ കടുത്ത വേനലുമാണ്. അതേസമയം സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തിലാരംഭിക്കുന്ന മഴ ജുലൈയിലും തുടരുന്നു. അതുമൂലം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടിവരുന്നു. രണ്ടുമാസത്തെ വിദ്യാഭ്യാസം കുട്ടികള്‍ക്കു നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ കാലവര്‍ഷക്കാലത്ത് മധ്യവേനല്‍ അവധി പ്രഖ്യാപിക്കുകയും നിലവിലെ അവധിക്കാലമായ ഏപ്രില്‍-മേയ് മാസങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യുന്നതു നല്ലതായിരിക്കില്ലേ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിദ്യാഭ്യാസ തല്‍പ്പരരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മന്ത്രി പ്രതീക്ഷിക്കുന്നു.
