തിരുവനന്തപുരം: സപ്ലൈക്കോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുദിവസം നീളുന്ന ഫെയറുകളും നടത്തും. നിയമസഭാ മണ്ഡലങ്ങളിൽ സപ്ലൈക്കോ പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഫെയറുകൾ ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെ ഉണ്ടാകും. ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്രദേശങ്ങളിലേക്കും എത്തിക്കുമെന്നു വാർത്താസമ്മേളനത്തിൽ മന്ത്രി അനിൽ പറഞ്ഞു.
ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകുമെന്നും ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാർക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു.സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിച്ചു. (കിലോയ്ക്ക് 115.5/ രൂപ) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോൾ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്.
ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സേമിയ/പാലട പായസം മിക്‌സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി ക്കും. പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യാനും പദ്ധതിയുണ്ട്. പുതിയ ഉൽപ്പന്നങ്ങൾ ആഗസ്റ്റ് 18 ന് സപ്ലൈകോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. 32 മേജർ കമ്പനികളിൽ നിന്നുമായി 288 ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോടെ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണക്കാലത്ത് ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു. 250 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കി. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണ്ണനാണയമടക്കം വിവിധ സമ്മാനങ്ങൾ വിജയികൾക്ക് നൽകും. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകൾ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
അർഹരായ 43,000 കുടുംബങ്ങൾക്ക് കൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.