സേലം: ചില്ലി ചിക്കനാണെന്നുപറഞ്ഞ് വവ്വാലിന്റെ ഇറച്ചി വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. സേലം, ഡാനിഷ് പേട്ട് സ്വദേശികളായ എം കമാല്‍ (36), വി സെല്‍വം (35) എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
തോപ്പൂര്‍, രാമസ്വാമി ഫോറസ്റ്റില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ വെടിവച്ചാണ് വവ്വാലുകളെ പിടികൂടിയിരുന്നതെന്നു അധികൃതര്‍ പറഞ്ഞു. പലതവണ വെടിയൊച്ച കേട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഭക്ഷണ ശാലയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിച്ചതും സംശയത്തിനിടയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
നിപ പനി പരത്തുന്നത് വവ്വാലുകള്‍ ആണെന്നും അവയുമായി സമ്പര്‍ക്കം പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ് തുടരുന്നതിനിടയിലാണ് വവ്വാല്‍ ഇറച്ചി വില്‍പ്പന നടത്തിയ സംഭവം പുറത്തായത്.
