മുംബൈ: ബി ജെ പി മുന്‍ എം പി പ്രഞ്ജസിംഗ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്‌ഫോടനകേസിലെ മുഴുവന്‍ പ്രതികളെയും എന്‍ ഐ എ കോടതി വെറുതെവിട്ടു. 2008 സെപ്തംബര്‍ 29ന് നാസിക്കിനു സമീപത്തെ മാലെഗാവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേരാണ് മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
തിരക്കേറിയ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നാണ് എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
തുടക്കത്തില്‍ ഭീകര വിരുദ്ധസേന അന്വേഷിച്ച കേസ് 2011ല്‍ ആണ് എന്‍ ഐ എ ഏറ്റെടുത്തത്. 323 സാക്ഷികളില്‍ 37 പേര്‍ വിചാരണയ്ക്കിടയില്‍ കൂറുമാറിയിരുന്നു.
