കണ്ണൂര്‍: ഗള്‍ഫിലെ സുഹൃത്തിനു നല്‍കാനായി അച്ചാര്‍ കുപ്പിയില്‍ ഹാഷിഷ് ഓയിലും എം ഡി എം എയും; മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചക്കരക്കല്ല്, കുളംബസാര്‍ സ്വദേശികളായ കെ പി അര്‍ഷാദ് (31), പി ജിസിന്‍(26), കെ കെ ശ്രീലാല്‍ (24) എന്നിവരെയാണ് ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം പി ഷാജി അറസ്റ്റു ചെയ്തത്. സൗദി അറേബ്യയിലേയ്ക്ക് പോകുന്ന ചക്കരക്കല്ല് സ്വദേശി മിദ്‌ലാജിനെ ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയിലാണ് 3.40 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ അളവിലുള്ള എം ഡി എം എയും കണ്ടെത്തിയത്.
സൗദി അറേബ്യയിലുള്ള വഹീം എന്നയാള്‍ക്കു നല്‍കണമെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം രാത്രി അച്ചാര്‍കുപ്പി ഏല്‍പ്പിച്ചത്. രാത്രിയില്‍ സാധനങ്ങള്‍ പാക്കുചെയ്യുന്നതിനിടയില്‍ മിദ്‌ലാജിനു അച്ചാര്‍കുപ്പിയെ കുറിച്ച് സംശയം തോന്നി. വെറൈറ്റി അച്ചാര്‍ ആണെന്നാണ് ഏല്‍പ്പിക്കുമ്പോള്‍ പറഞ്ഞിരുന്നത്. ഇതാണ് സംശയത്തിനു ഇടയാക്കിയത്. അച്ചാര്‍ കുപ്പി തുറന്നു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അച്ചാര്‍ നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച പൊലീസ് മണിക്കൂറുകള്‍ക്കകം മൂന്നുപേരെയും പൊക്കുകയായിരുന്നു. മയക്കുമരുന്നിനെതിരെ കര്‍ശന നിയമമുള്ള രാജ്യമാണ് സൗദി അറേബ്യ. ഇപ്പോള്‍ നടന്നതുപോലെയുള്ള ചതിയില്‍പ്പെട്ട് നിരവധി പേര്‍ കേസില്‍ കുടുങ്ങുകയും ജയിലില്‍ കഴിയുകയും ചെയ്യുന്നുണ്ട്.
