മംഗ്‌ളൂരു: ധര്‍മ്മസ്ഥല കൂട്ടക്കൊല സംഭവത്തില്‍ നിര്‍ണ്ണായക തെളിവു ലഭിച്ചു. വ്യാഴാഴ്ച രാവിലെ സ്‌നാനഘട്ടത്തിനു സമീപത്ത് ശുചീകരണ തൊഴിലാളിയായ സാക്ഷി കാണിച്ചു കൊടുത്ത ആറാമത്തെ പോയന്റില്‍ നടത്തിയ പരിശോധനയിലാണ് ഭാഗികമായ നിലയിലുള്ള അസ്ഥികൂടം കണ്ടെത്തിയത്. രണ്ടടി താഴ്ചയിലാണ് അസ്ഥികള്‍ ഉണ്ടായിരുന്നത്. വിശദമായ പരിശോധനയ്ക്കു ശേഷമേ മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേ സമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസ് മംഗ്‌ളൂരു, കദ്രി, മല്ലിക്കട്ടെയില്‍ തുറന്നു. അന്വേഷണം ഏകോപിപ്പിക്കുന്നതിലുള്ള സൗകര്യാര്‍ത്ഥമാണ് പുതിയ ഓഫീസ് തുറന്നത്. നിലവിലുള്ള ഉദ്യോഗസ്ഥരെ കൂടാതെ പത്തു പേരെ കൂടി പ്രത്യേക അന്വേഷണ സംഘത്തില്‍ നിയമിച്ചു.
