ധർമ്മസ്ഥല : ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാര കേസിൽ ഖനന സ്ഥലങ്ങളിൽ ഒന്നിൽ നിന്നു കീറിയ ചുവന്ന ബ്ലൗസും ,പാൻ കാർഡ് ,2 എടിഎം കാർഡുകൾ എന്നിവ യും കണ്ടെടുത്തു എന്ന് കേസിലെ വിസിൽ ബ്ലോവറുടെ പ്രതിനിധിയായ അഭിഭാഷകൻ മഞ്ജുനാഥ് വെളിപ്പെടുത്തി. മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് ധർമ്മസ്ഥല ക്ഷേത്രനഗരിയിൽ എസ്ഐടി കുഴിയെടുത്ത് പരിശോധിക്കുന്നതിനിടയിലാണ് അഭിഭാഷകൻ 2 പത്ര കുറിപ്പുകൾ പുറത്തിറക്കിയത്. എന്നാൽ , ഇതുവരെ അത്തരം ഒരു കണ്ടെത്തൽ ഉണ്ടായിട്ടില്ലെന്ന് എസ്ഐടി കേന്ദ്രങ്ങൾ അറിയിച്ചു . സൈറ്റ് ഒന്നിൽ രണ്ടര അടി താഴ്ച്ചയിൽ നിന്നാണ് ഇവ ലഭിച്ചതെന്ന് അറിയിപ്പിൽ മഞ്ജുനാഥ് പറഞ്ഞു. മഞ്ചു നാഥിൻ്റെ ഈ വെളിപ്പെടുത്തലിനെ തുടർന്ന് പുറപ്പെടുവിച്ച മറ്റൊരു പ്രസ്താവനയിൽ എസ്. ഐ.ടി.യെ അദ്ദേഹം വാനോളം പ്രശംസിച്ചു. കണ്ടെടുത്തതായി മഞ്ചുനാഥ് പറയുന്ന എടിഎം കാർഡുകളിൽ ഒരു പുരുഷന്റെ പേരും ലക്ഷ്മി എന്ന പേരും ഉണ്ടെന്ന് മഞ്ചുനാഥ് തൻ്റെ പ്രസ്താവനയിൽ പറഞ്ഞു. 2003-ൽ ധർമ്മസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനി അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടിൻ്റെ പ്രതിനിധിയാണ് മഞ്ജുനാഥ്. ഖനനത്തിന് തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ കുഴിച്ചിട്ട മൃതദേഹങ്ങളുടെ എണ്ണത്തെക്കുറിച്ച് പരാതിക്കാരനും സാക്ഷികളും നൽകിയതായി പറയപ്പെടുന്ന വിവരങ്ങളും മഞ്ചുനാഥ് വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ജുനാഥിന്റെ വെളിപ്പെടുത്തലിൽ ഒന്നാം സൈറ്റിലും രണ്ടാം സൈറ്റിലും മൂന്നാം സൈറ്റിലും രണ്ടുപേരുടെ വീതം മൃതദേഹങ്ങളും നാല്, അഞ്ച് സൈറ്റുകളിൽ ആറു വീതം മൃതദേഹങ്ങളും 6, 7 ,8 സൈറ്റുകളിൽ എട്ടു വീതം മൃതദേഹങ്ങളും ഒമ്പതിൽ 7 മൃതദേഹങ്ങളും പത്തിൽ മൂന്നും പതിനൊന്നിൽ ഒമ്പതും പന്ത്രണ്ടിൽ അഞ്ചും 13 ൽ ഏറ്റവും കൂടുതലും മൃതദേഹങ്ങളുമാണ് കുഴിച്ചിട്ടിട്ടുള്ളതെന്നു പറയുന്നു .എന്നാൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുള്ളത് ഈ 13 സ്ഥലങ്ങളിലുമല്ലെന്നും അത് കൂടുതൽ അകലെയാണെന്നും പരാതിക്കാരനും സാക്ഷിയുമായ വ്യക്തി അഭിപ്രായപ്പെട്ടു . എന്നാൽ കുഴിയെടുത്തു പരിശോധിച്ച 3 സ്ഥലങ്ങളിൽ നിന്ന് തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് പോലീസ് പറയുന്നു.
