ഗുവാഹത്തി: അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടിട്ടും വാഹനം നിർത്താതെ പോയ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിലായി. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർഥി സമിയുൽ ഹഖിനെയാണ് (21) നടി ഓടിച്ച കാർ ഇടിച്ചത്. ജൂലൈ 25നായിരുന്നു സംഭവം. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. 21 കാരനെ അതിവേഗത്തിലെത്തിയ സ്കോർപിയോ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം നടന്നെന്ന് മനസിലായിട്ടും വാഹനം നിർത്താനോ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാനോ നടി ശ്രമിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.ദിസ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിലായിരുന്നു വാഹനാപകടം നടന്നത്. അറസ്റ്റ് ചെയ്യുമ്പോഴും കേസിൽ തനിക്ക് പങ്കില്ലെന്നാണ് നടി പറഞ്ഞത്. കേസിൽ കാംരൂപ് (മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവരെ പാൻബസാർ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
