ശബരിമല: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശബരിമലയില്‍ നിറപുത്തരി ഉത്സവം ആരംഭിച്ചു. രാവിലെ 5.30നും 6.30നുമിടയില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ക്കു തന്ത്രിമാരായ കണ്ഠരരു രാജീവര്, കണ്ഠരര് ബ്രഹ്‌മദത്തന്‍, മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ കൊണ്ടുവന്ന നെല്‍ക്കറ്റകള്‍ തന്ത്രിമാര്‍ ഏറ്റുവാങ്ങി പൂജിച്ചു. ശ്രീകോവിലിനു മുന്നില്‍ ഒരു നെല്‍ക്കറ്റ ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായി കെട്ടിവച്ചു. തുടര്‍ന്ന് നെല്‍ക്കതിരുകള്‍ തീര്‍ത്ഥാടകര്‍ക്കു പ്രസാദമായി സമ്മാനിച്ചു. ചടങ്ങില്‍ ഭക്തജനങ്ങള്‍ക്കു പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോഡ് ഭാരവാഹികളും പങ്കെടുത്തു. രാത്രി ഹരിവരാസനം ചൊല്ലി നട അടക്കും. ചിങ്ങമാസ പൂജകള്‍ക്ക് ആഗസ്റ്റ് 16നു നട തുറക്കും.
