കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽവീണ് മരണം മുഖാമുഖം കണ്ട യാത്രക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി കാസർകോട്ടെ പൊലീസ് ഉദ്യോഗസ്ഥൻ. തിങ്കളാഴ്ച വൈകിട്ട് 4. 45നാണ് സംഭവം. എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മുന്നാം പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടപ്പോൾ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച കന്യാകുമാരി സ്വദേശി ഷൈനാണ് രണ്ടാംജന്മം ലഭിച്ചത്. ലഗേജിന്റെ ഭാരം കാരണം ബാലൻസ് നഷ്ടപ്പെട്ട് പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിലേക്ക് വഴുതിവീഴുകയായിരുന്നു. ട്രെയിൻ നീങ്ങികൊണ്ടിരിക്കെ എന്തുചെയ്യണമെന്നറിയാതെ മൂന്നാംപ്ലാറ്റ് ഫോമിലുണ്ടായിരുന്നവർ നിശ്ചലരായി നിൽക്കുകയായിരുന്നു. ആരും രക്ഷപ്പെടുത്താൻ മുന്നോട്ട് വന്നില്ല. ആളുകൾ ബഹളം വയ്ക്കുന്നതിനിടയിൽ ഈ സമയം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കാസർകോട് റെയിൽവെ പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രവീൺപീറ്റർ ഒന്നും നോക്കിയില്ല. ഓടിയെത്തി ഷൈനിനെ വലിച്ചുകയറ്റി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാളെ സാഹസികമായാണ് രക്ഷിച്ചത്. ഭാഗ്യം കൊണ്ട് വീണ ഷൈൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. മംഗളൂരു-തിരുവനന്തപുരം യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ചാണ് ഈ കാഴ്ച കണ്ടത്. കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്ന് ട്രെയിൻ എസ്കോർട്ട് ഡ്യൂട്ടിക്കായി എത്തിയതായിരുന്നു പ്രവീൺപീറ്റർ. ജീവൻ പണയംവച്ച് സാഹസികമായി യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച പ്രവീണിന് അഭിനന്ദന പ്രവാഹമാണിപ്പോൾ. രാജപുരം സ്വദേശിയാണ് പ്രവീണ്‍ പീറ്റര്‍.

Congrats……..