തിരുവനന്തപുരം: ഉറ്റ ചങ്ങാതിമാരെ കിട്ടാത്തതിന്റെ വിഷമമാണെന്ന് പറയുന്നു, പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. നെയ്യാറ്റിന്‍കരയിലെ ഊതുട്ടുകാല്‍ സ്വദേശിനി പ്രതിഭയാണ് ആത്മഹത്യചെയ്തത്. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാവിലെയാണ് മകളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് പ്രതിഭയുടെ മാതാവ് പ്രീത പറഞ്ഞു. ക്ലാസില്‍ സുഹൃത്തുക്കളില്ലാത്തിന്റെ വിഷമം മകള്‍ പറയാറുണ്ടായിരുന്നുവെന്ന് മാതാവ് പ്രീത പറഞ്ഞു. ഇടയ്ക്ക് മൂന്ന് ദിവസം വീട്ടില്‍ നിന്നു സ്‌കൂളിലേക്ക് പോയെങ്കിലും മകള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് കൂട്ടുകാരില്ലാത്തിന്റെ പേരില്‍ മകള്‍ അനുഭവിക്കുന്ന ദുഖം താന്‍ തിരിച്ചറിഞ്ഞതെന്ന് മാതാവ് പറഞ്ഞു.
സഹപാഠികള്‍ സംസാരിക്കുമെങ്കിലും സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിയില്ലെന്നും മകള്‍ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു. പത്താം ക്ലാസ് വരെ നെല്ലിമൂട് സ്‌കൂളിലായിരുന്നു പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താല്‍പര്യ പ്രകാരമാണ് നെയ്യാറ്റിന്‍കര സ്‌കൂളില്‍ ചേര്‍ന്നതെന്ന് കുടുംബം വെളിപ്പെടുത്തി. എന്നാല്‍, പ്രതിഭയെ സ്‌കൂളില്‍ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകര്‍ അറിയിച്ചു.
