ആലപ്പുഴ: കെപിഎസി രാജേന്ദ്രന്‍ വിടവാങ്ങി. 75 വയസായിരുന്നു. അന്‍പത് വര്‍ഷമായി നാടകരംഗത്ത് തുടര്‍ന്ന രാജേന്ദ്രന്‍ ഉപ്പും മുളക് സീരിയലിലേക്ക് എത്തിയതോടെയാണ് ശ്രദ്ധേയനായത്. കെ പി എ സി, സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്ത നാടക സമിതികള്‍ ഉള്‍പ്പെടെ പല സമിതികളില്‍ പ്രവര്‍ത്തിച്ചിരുന്നു. വിവിധ തലമുറകളില്‍പ്പെട്ട വിഖ്യാത നാടക പ്രതിഭകളായ തോപ്പില്‍ ഭാസി, പി ജെ ആന്റണി, എസ് എല്‍ പുരം സദാനന്ദന്‍, കെ ടി മുഹമ്മദ്, ഓ മാധവന്‍, തിലകന്‍, കെ എം ധര്‍മ്മന്‍, നെല്‍സന്‍ ഫെര്‍ണാണ്ടസ്, എന്‍ ബി ത്രിവിക്രമന്‍ പിള്ള, പ്രമോദ് പയ്യന്നൂര്‍, രാജീവന്‍ മമ്മിളി, മനോജ് നാരായണന്‍ തുടങ്ങിയവരുടെയെല്ലാം സംവിധാനത്തിന്‍ കീഴില്‍ അഭിനയിച്ചിട്ടുള്ള ഏക നടനായിരുന്നു.
ഉപ്പും മുളക് സീരിയലിലെ പടവലം കുട്ടന്‍ പിള്ള എന്ന കഥാപാത്രം ഇന്ന് ചെറിയ കുട്ടികളുടെ മനസ്സില്‍ പോലും രജിസ്റ്റര്‍ ആയ മുഖമാണ്. ഉപ്പും മുളകില്‍ നിഷ അവതരിപ്പിച്ച നീലുവിന്റെ പിതാവായിട്ടാണ് രാജേന്ദ്രന്‍ എത്തുന്നത്. വര്‍ഷങ്ങള്‍ ആയി സ്വീകരണ മുറിയില്‍ നിറഞ്ഞുനിന്ന കുട്ടന്പിള്ള എന്ന രാജേന്ദ്രന്‍ ഓര്‍മ്മ ആകുമ്പോള്‍ ഇനിയാര് എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. കുട്ടിക്കുറുമ്പന്‍ എന്ന സീരിയലിലും മകിച്ച വേഷം ചെയ്തു. സീരിയലുകള്‍ക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതല്‍ എന്നീ സിനിമകളിലും തിളങ്ങി.
