മലപ്പുറം: കോഴി മാലിന്യ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അരീക്കോട് കളപ്പാറയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. കോഴിയിറച്ചി വില്‍പനക്കാരായ 16 പേര്‍ ചേര്‍ന്ന് നടത്തുന്ന കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശുചീകരണത്തിനിറങ്ങിയ അസം സ്വദേശികളായ ബികാസ് കുമാര്‍, സമദലി, ബിഹാര്‍ സ്വദേശി ഹിതേഷ് ശരണ്യ എന്നിവരാണ് മരിച്ചത്. മാലിന്യപ്ലാന്റ് ശുചീകരിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ കുഴിയില്‍ വീണ് അബോധാവസ്ഥയിലായ വിവരമറിഞ്ഞാണ് മറ്റുള്ളവര്‍ സ്ഥലത്തെത്തിയത്. അപകടത്തില്‍പെട്ടയാളെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആളും പ്ലാന്റില്‍ ബോധരഹിതനായി. ഇരുവരെയും കരക്കെത്തിക്കാന്‍ ഇറങ്ങിയ മൂന്നാമത്തെയാളും അപകടത്തില്‍പെടുകയായിരുന്നു. മൂവരെയും കരക്കെടുത്ത് മഞ്ചേരിയിലെ മലപ്പുറം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 12 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നതെന്ന് പറയുന്നു.
