ആലപ്പുഴ: വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയും പെര്‍ഫ്യൂമുകളുമായി മുങ്ങിയ 40 കാരി അറസ്റ്റില്‍. നിരവധി വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയായ പാലക്കാട് അനങ്ങനടി അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ ശാലിനി ആണ് പിടിയിലായത്. ചെറിയനാട് സ്വദേശിയായ യുവാവാണ് ഒടുവിലായി കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
കൊട്ടാരക്കര സ്വദേശിനിയായ യുവതി ഏറെ നാളായി അനങ്ങനടി ഭാഗത്ത് വീടുവാങ്ങി താമസമാസിച്ചുവരികയായിരുന്നു. അരൂരില്‍ വീട് വാടകയ്ക്കെടുത്ത് വൈക്കം സ്വദേശിയായ യുവാവിനൊപ്പം കഴിയുന്നതിനിടയിലാണ് പിടിയിലായത്. പരാതിക്കാരി മകന്റെ പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യത്തിലെ ഫോണ്‍ നമ്പരിലൂടെ ശാലിനി ചെറിയനാട്ടെ കുടുംബവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, ഒറ്റപ്പാലത്തെ വീട്ടില്‍ പെണ്ണുകാണലിനെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം ശാലിനിയും അന്നുതന്നെ ചെറിയനാട്ടേക്കു വന്നു. തൊട്ടടുത്ത ദിവസമായ ജനുവരി 20ന് മകനുമായുള്ള കല്യാണവും നടത്തി. മൂന്നുദിവസം ചെറിയനാട്ടെ വീട്ടില്‍ താമസിച്ചശേഷം ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും പെര്‍ഫ്യൂമുകളുമായി യുവതി മുങ്ങുകയായിരുന്നു. പൂനെയില്‍ ലീഗല്‍ അഡൈ്വസറാണെന്നും അവിടേക്കു പോകുകയാണെന്നുമാണ് ഭര്‍ത്താവിനോട് പറഞ്ഞത്. ഭര്‍ത്താവാണ് ട്രെയിന്‍ കയറ്റിവിട്ടത്. അതിനുശേഷം പ്രതി ഫോണ്‍ ഓഫാക്കി. പിന്നീട് മുങ്ങിയതായി മനസിലായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
