തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തെ ദുരിതത്തിലാക്കി പെയ്ത കനത്തമഴയ്ക്ക് ശമനം. രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും അറബിക്കടലില്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എങ്കിലും വരുംദിവസങ്ങളിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച വരെ രണ്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു ഇനിയുള്ള ദിവസങ്ങളില്‍ പൊതുവെ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവിലെ സൂചന അനുസരിച്ചു അടുത്ത ആഴ്ച മുതലാണ് മഴ വീണ്ടും സജീവമാകാന്‍ സാധ്യതയുള്ളുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും അവധി നല്‍കി ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.
