ധര്‍മ്മസ്ഥല: പെണ്‍കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം നേത്രവതി പുഴയോരത്ത് തിരച്ചില്‍ ആരംഭിച്ചു. ആദ്യപരിശോധനയില്‍ കൊല്ലപ്പെട്ടവരുടെ ശാരീരിക അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൂന്നടിയോളം മണ്ണ് എടുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ ജെസിബി സ്ഥലത്തെത്തിച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് സംശയമുള്ള സ്ഥലങ്ങളിലെല്ലാം ആഴത്തില്‍ കുഴിയെടുത്ത് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരന്‍, ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷന്‍ എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ, പുത്തൂര്‍ എസി സ്റ്റെല്ല വര്‍ഗീസ്, ബെല്‍ത്തങ്ങാടി തഹസില്‍ദാര്‍ പൃഥ്വി സാനികം എന്നിവരുള്‍പ്പെടെയുള്ള എസ്ഐടി ഉദ്യോഗസ്ഥര്‍, ക്രൈം സീന്‍ ഓഫീസര്‍മാര്‍, ഫോറന്‍സിക് സയന്‍സസ് ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തുണ്ട്. പരാതിക്കാരിയായ സാക്ഷിയോടൊപ്പം ഒരു നിയമസംഘവും സ്ഥലത്തെത്തിയിരുന്നു.
കനത്ത മഴയായതിനാല്‍ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. എന്നാല്‍ പുഴക്കര ആയതിനാല്‍ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്‌കരമാണെന്ന് അന്വേഷണ സംഘം പറയുന്നു.
കൂടുതല്‍ പോയിന്റുകളില്‍ പരിശോധന നടത്തുന്ന കാര്യം ആലോചിച്ചു വരികയാണ്. ഐജി അനുചേതും എസ് പി ജിതേന്ദ്ര കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. സാക്ഷിക്ക് തൃപ്തിയാകുന്നത് വരെ കുഴിക്കാന്‍ തയ്യാറാണെന്നും നിലവില്‍ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാല്‍ മണ്‍വെട്ടിയും ഉപകരണങ്ങളും കൊണ്ട് കൂടുതല്‍ കുഴിക്കാന്‍ കഴിയുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് ആദ്യ പോയിന്റില്‍ കുഴിച്ച് പരിശോധന തുടങ്ങിയത്. പരിശോധന തുടരുകയാണ്. സ്ഥലത്ത് സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗരുഡ ഫോഴ്സിലെയും സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിലെയും ഉദ്യോഗസ്ഥരും ഓപ്പറേഷനു സുരക്ഷ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍പി ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
