പാലക്കാട്: 53.950 ഗ്രാം മെത്താംഫിറ്റമിനുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആന്‍സി കെവി(30), മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്‌നി(23), മുഹമ്മദ് സ്വാലിഹ് (29)എന്നിവരാണ് പിടിയിലായത്. പാലക്കാട് മുണ്ടൂര്‍ പൊരിയാനിയില്‍ നിന്നാണ് പ്രതികളെ നാര്‍ക്കോട്ടിക് സെല്ലും പൊലീസും സംയുക്തമായി പിടികൂടിയത്. 2024 ൽ പാലക്കാട് സൗത്ത് പൊലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു. ആന്‍സിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനാണ് നൂറയും സ്വാലിഹും എത്തിയത്. പിടിയിലാകുന്ന സമയത്ത് ഇന്നോവ കാറിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്.ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്‍സിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആന്‍സിയുടെ ഗൂഗിള്‍പേ, ഫോണ്‍പേ, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയും പൊലീസ് പരിശോധിച്ചു. ബംഗളുരുവില്‍ നിന്നാണ് ആന്‍സി മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നും വിവരമുണ്ട്. മണ്ണാർക്കാട് ഡി.വൈ.എസ്.പി സന്തോഷ്കുമാർ, പാലക്കാട് നാർക്കോടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ എന്നിവരുടെ നേതൃത്വത്തിൽ കോങ്ങാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
