ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദാര മേഖലയില്‍ നടത്തിയ ഓപ്പറേഷന്‍ മഹാദേവില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഭീകരര്‍ക്കായി ശ്രീനഗറിലെ ദാര മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹര്‍വാന്‍ പ്രദേശത്താണ് രാവിലെ 11 മണിക്ക് ഏറ്റുമുട്ടല്‍ നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഹര്‍വാനിലെ മുള്‍നാര്‍ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. പ്രദേശത്തേക്ക് കൂടുതല്‍ സേനയെ അയച്ചതായും തീവ്രവാദികളെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ദൂരെ നിന്ന് രണ്ട് റൗണ്ട് വെടിയൊച്ചകള്‍ കേട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട മൂവരും പാകിസ്ഥാനികളാണെന്നും ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി)യില്‍ പെട്ടവരാണെന്നും ശ്രീനഗര്‍ എസ്.എസ്.പി ജിവി സുന്ദീപ് ചക്രവര്‍ത്തി പറഞ്ഞു. എന്നാല്‍, പഹല്‍ഗാം ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
