കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നു നാട്ടിലേക്ക് മടങ്ങിവരുമ്പോൾ മംഗളൂരു വിമാനത്താവളത്തിൽ വച്ച് കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി എന്നീ പേരുകളിലായി കഴിഞ്ഞ ഏഴു വർഷത്തോളമായി ഇയാൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ മുഹമ്മദ് സാലി പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റും വഴി സൗഹൃദം സ്ഥാപിച്ചു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഇയാൾക്ക് മൂന്നു മക്കളുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തതോടെയാണ് മുഹമ്മദ് സാലി വിദേശത്തേക്ക് കടന്നത്. പിന്നാലെ കൊയിലാണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
