തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എന്‍ ശക്തന് താല്‍ക്കാലി ചുമതല നല്‍കിയത്. പാലോട് രവി ഇന്നലെതന്നെ രാജിവെച്ചെങ്കിലും പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് എന്‍ ശക്തന് ചുമതല നല്‍കിയതായി കെപിസിസി അധ്യക്ഷന്‍ വാര്‍ത്താക്കുറിപ്പിറക്കിയത്. പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. അതുവരെ എന്‍ ശക്തന്‍ തന്നെ താല്‍ക്കാലി ചുമതലയില്‍ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എന്‍ ശക്തന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. മുന്‍ സ്പീക്കറും കാട്ടാക്കട മുന്‍ എംഎല്‍എയുമാണ് ശക്തന്‍. 2004-2006 കാലഘട്ടത്തില്‍ ഗതാഗതമന്ത്രിയായിരുന്നു.
എല്‍ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് പാലോട് രവിക്ക് രാജിവെക്കേണ്ടിവന്നത്. 3 മാസം മുന്‍പ്, വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീല്‍ ഒരു പരിപാടിക്കായി വിളിച്ചപ്പോള്‍ നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. സംഭാഷണം പുറത്തുവിട്ട കുറ്റംചുമത്തി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു കെപിസിസി പുറത്താക്കി. ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് വിശദീകരണക്കുറിപ്പുകള്‍ പാലോട് രവി നല്‍കിയിരുന്നു. എന്നാല്‍ രാജിക്കത്ത് നല്‍കാന്‍ കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെടുകയായിരുന്നു. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്.
