മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര എന്ന ഗായിക. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ 62-ാം പിറന്നാളാണ് ഇന്ന്. 1963 ജൂലായ് 27-നാണ് കെ.എസ്. ചിത്രയുടെ ജനനം.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലായി 30,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും. ഗായിക സുജാതാ മോഹന്‍, സിത്താര കൃഷ്ണകുമാര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ എന്നിവര്‍ ചിത്രയ്ക്ക് ആശംസ നേര്‍ന്നു. പ്രിയപ്പെട്ട ‘ചിന്നക്കുയില്‍’, സുഹൃത്ത് കെ.എസ്. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുജാത ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചിത്രക്കൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചു. ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി മൈക്കിന് മുന്നിലേക്ക് എത്തുന്നത്. അതും അഞ്ചാം വയസില്‍. ആദ്യ ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ടു. അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. പതിനാലാം വയസില്‍ ‘അട്ടഹാസം’ എന്ന ചിത്രത്തിലെ ആലാപനത്തോടെ സിനിമയില്‍ സജീവമായി.
ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങള്‍ ആദ്യ സൂപ്പര്‍ഹിറ്റുകളായി. ആറ് ദേശീയ പുരസ്‌കാരങ്ങളും 43 സംസ്ഥാന പുരസ്‌കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.

Many more returns of the day Vanampadiiii….