കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകള്‍ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗോവിന്ദച്ചാമിയുടെ കൈയ്യില്‍ ഒരു തുണികെട്ടും കാണാം. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജയില്‍ചാട്ടം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങള്‍. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി. രക്ഷപ്പെടുന്ന സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടേണ്ടതായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍.
പുലര്‍ച്ചെ 1.10ന് സെല്ലില്‍ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയില്‍ ചാടുന്നത് 4 മണിക്ക് ശേഷമാണ്. മറ്റ് സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇയാള്‍ വേഗത്തില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ജയില്‍ ചാടുന്നത് സംബന്ധിച്ച് സഹതടവുകാരായ നാല് പേര്‍ക്ക് അറിയാമായിരുന്നു. ജയില്‍ ചാടുന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. രക്ഷപ്പെട്ട ശേഷം തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്.
