തിരുവനന്തപുരം: തേവലക്കരയില്‍ എട്ടാം ക്ലാസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ സര്‍ക്കാരിന്റെ അസാധാരണ നടപടി. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ മാനേജറെ പുറത്താക്കി. കൊല്ലം ഡിഡിഇക്ക് താല്‍കാലിക ചുമതല നല്‍കി. മാനേജരുടേത് ഗുരുതരമായ കൃത്യവിലോപമെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മിഥുന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി. നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. അത് തള്ളിയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ട് പുതിയ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രമായിരുന്നു നടപടി. ഇത് ഏറെ വിവാദമായിരുന്നു. പാര്‍ട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതോടെയാണ് മുഖം നോക്കാതെയുള്ള നടപടികളിലേക്ക് എത്തിയത്. ഈ മാസം 17ന് സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍, വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
