മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരില്‍ 16 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ശിവശരണ്‍ ഭൂതാലി തല്‍കോട്ടി എന്ന കുട്ടിയാണ് ഹൃദയസ്പര്‍ശിയ കുറിപ്പെഴുതി അമ്മാവന്റെ വീട്ടില്‍ ജീവനൊടുക്കിയത്. മാതാവിനെ സ്വപ്നം കണ്ടിരുന്നുവെന്നും മാതാവിന്റെ അടുത്തേക്ക് വരാന്‍ തന്നെ വിളിച്ചതിനെ തുടര്‍ന്നുമാണ് ആത്മഹത്യ ചെയ്തതെന്നും കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മാസം മുമ്പ് കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ശിവശരണ്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് നേടിയിരുന്ന ശിവശരണിന് ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മാതാവിന്റെ മരണം ശിവശരണിന്റെ മാനസിക നില തെറ്റിച്ചു. മാതാവിന്റെ മരണശേഷം അമ്മാവനെയും മുത്തശ്ശിയെയും പരിരക്ഷിച്ചുകൊണ്ട് ശിവശരന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുവരികയായിരുന്നു. അതിനിടെയാണ് സ്വപ്‌നത്തില്‍ മാതാവ് വന്നുവിളിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ സോളാപൂര്‍ സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കത്തില്‍ എഴുതിയിരിക്കുന്നത് ഇതാണ്
‘ഞാന്‍ ശിവശരണ്‍ ആണ്. ഞാന്‍ മരിക്കുകയാണ്.. കാരണം എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല. മാതാവ് പോയപ്പോള്‍ ഞാന്‍ പോകേണ്ടതായിരുന്നു, പക്ഷേ എന്റെ അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം കണ്ടതിനു ശേഷമാണ് ഞാന്‍ ജീവിതത്തിലേക്ക് വന്നത്. എന്റെ മരണത്തിന് കാരണം.. ഇന്നലെ എന്റെ മാതാവ് എന്റെ സ്വപ്നത്തില്‍ എന്റെ അടുത്തേക്ക് വന്നു. ‘എന്തിനാണ് ഇത്ര വിഷമം? എന്റെ അടുത്തേക്ക് വരൂ..’ എന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ വിളിച്ചു. അതുകൊണ്ടാണ് ഞാന്‍ മരിക്കാന്‍ ചിന്തിച്ചത്. എന്റെ അമ്മാവനോടും മുത്തശ്ശിയോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്, കാരണം അവര്‍ എന്നെ വളരെയധികം സ്‌നേഹിച്ചു. അവര്‍ എന്നെ ലാളിച്ചു. അമ്മാവാ…. ഞാന്‍ മരിക്കുകയാണ്. ഞാന്‍ പോയതിനുശേഷം എന്റെ സഹോദരിയെ സന്തോഷിപ്പിക്കുക’