കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹന പരിശോധന നടത്തവേ കാറിൽ കടത്തുകയായിരുന്ന 4.8 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ 2 പേർക്കു കോടതി 2 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നക്കാട് കരുവളം ഷെരീഫ മൻസിൽ സി.എച്ച് സാബിർ (29) പടന്നക്കാട് നശ്വരം വീട്ടിൽ സി.പി.ജമാൽ (27) എന്നിവരെയാണ് ജില്ലാ അഡീഷനൽ ആൻഡ് സെഷൻസ് ജഡ്‌ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെ ങ്കിൽ 3 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2021 മാർച്ച് 29നു ബേക്കൽ കോട്ടക്കുന്നിൽ ഫ്ലയിങ് സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് പി.വി.രത്നാകരന്റെ (ജിഎസ്‌ടി ഓഫിസർ) നേതൃത്വത്തിലുള്ള സംഘം രാത്രി വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാസർകോട് ഭാഗത്തുനിന്നെത്തിയ കാറിൽ ലഹരിമരുന്നുമായി 3 പേരെ തടഞ്ഞത്. പിന്നീട് പൊലീസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ എസ്.ഐയായിരുന്ന സി.എച്ച്.സാബിർ, സി.പി.ജമാൽ, സി.സി.ലതീഷ്, എഎസ്ഐ സജി ജോസഫ്, സിവിൽ പൊലീസുകാരായ ടി.വി.അരുൺകുമാർ, സി.കെ ആദർശ്, കെ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്. തുടർ അന്വേഷണം നടത്തി ബേക്കൽ ഇൻസ്പെക്ടറായിരുന്ന ടി. പ്രദീഷായിരുന്നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ ഒന്നാം പ്രതി ഷാനവാസ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീ ഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.
