കണ്ണൂര്‍: സൗമ്യ കൊലകേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റി. കേരളത്തെ നടുക്കിയ കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി ഇനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയും. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ജയില്‍ ചാടിയ പ്രതിയെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് ജയില്‍ മാറ്റാന്‍ തീരുമാനിച്ചത്. ശനിയാഴ്ച്ച രാവിലെ 7.15 ന് കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് വിയ്യൂരിലേയ്ക്ക് കൊണ്ടുപോയത്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂര്‍ ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. ഭക്ഷണം എത്തിച്ച് നല്‍കും. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.
ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതിലാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലിന്റേത്. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതി വേലിയുണ്ട്. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുണ്ട്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത്. മതില്‍ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയില്‍ വളപ്പില്‍ ഒളിച്ചിരുന്നു. 4.20 നാണ് ജയില്‍ ചാടിയതെന്നും ഉത്തരമേഖല ജയില്‍ ഡി ഐ ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റാന്‍ വെള്ളിയാഴ്ച തന്നെ തീരുമാനിച്ചിരുന്നു. ജയില്‍ മേധാവിയും വീഴ്ച സമ്മതിച്ചിരുന്നു. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
