കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെ ജയിൽ ചാടി എന്നാണ് വിവരം. രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചു വരികയാണ്. അതീവ സുരക്ഷയുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. തുണികൾ കൂട്ടിക്കെട്ടിയാണ് മതിൽ ചാടിയത്. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ സന്ദർശനം നടത്തിയ ആളുകളെ കുറിച്ചും പൊലീസും ജയിൽ അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. ജയിലിൽ നിന്നോ പുറത്തുനിന്നോ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിൽ വെച്ചായിരുന്നു സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
