കല്‍പ്പറ്റ: വയനാട്ടെ വാഴവറ്റ കരിങ്കണിക്കുന്നില്‍ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു. കരിങ്കണ്ണിക്കുന്നിലെ വര്‍ക്കിയുടെ മക്കളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഇവര്‍ വാടകക്കെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന കോഴി ഫാമിനു ചുറ്റും വന്യമൃഗശല്യം തടയുന്നതിന് സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ തട്ടിയാണ് ഷോക്കേറ്റതെന്നു കരുതുന്നു.
ഷോക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രികളിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യാശുപത്രിയിലുമാണുള്ളത്. സംഭവമറിഞ്ഞു പൊലീസും വൈദ്യുതി ജീവനക്കാരും കോഴി ഫാമിലെത്തി പരിശോധിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നു കരുതുന്നു. സ്ഥലമുടമ വെള്ളിയാഴ്ച രാവിലെ കോഴി ഫാമിനടുത്തെത്തിയപ്പോഴാണ് ഇരുവരെയും ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
