കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു…’എന്ന് തുടങ്ങുന്ന പോസ്റ്റ് ആണ് ഇന്നിട്ടത്. വി.എസ്സിനു പുറമെ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപവുമായി വിനായകൻ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപ പരാമർശം. ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. വിനായകന്റെ പുതിയ പോസ്റ്റിനെതിരേയും വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു. പോസ്റ്റ് വിവാദമായതോടെ നടൻ വിനായകനെതിരേ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുൻമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം കൊച്ചിയിൽ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വിനായകൻ ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ഞങ്ങടെ വി.എസ് മരിക്കുന്നില്ല’ എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. വി.എസിന് ആദരാഞ്ജലി അർപ്പിച്ച് എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. വിനായകൻ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
