തിരുവനന്തപുരം: കര്‍ക്കടകവാവ് ദിവസമായ ഇന്ന് സംസ്ഥാനത്തെ വിവിധ തീര്‍ഥസ്‌നാനങ്ങളില്‍ വിശ്വസികള്‍ പിതൃദര്‍പ്പണം നടത്തി. വിവിധ തീര്‍ഥസ്‌നാനങ്ങളില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പൂര്‍വ പിതാക്കളുടെ ആത്മശാന്തിക്ക് ബലിയര്‍പ്പിച്ച് തീര്‍ഥസ്‌നാനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പിതൃക്കള്‍ക്കു പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകത്തിലേത്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോവളം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തൃശൂര്‍
തിരുവില്ല്വാമല വില്വാദ്രിനാഥ ക്ഷേത്രം, ആറന്മുള, കൊല്ലം തിരുമുല്ലവാരം, തിരുനെല്ലി പാപനാശിനി,
കാസര്‍കോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവയാണ് കേരളത്തില്‍ ബലിതര്‍പ്പണം നടത്തുന്ന പ്രധാന സ്ഥലങ്ങള്‍. എല്ലായിടത്തും പുലര്‍ച്ചെയോടെ തന്നെ ഭക്തര്‍ എത്തിയിരുന്നു.

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വിവിധ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും നീന്തല്‍ വിദഗ്ധരും ഭക്തര്‍ക്ക് സുരക്ഷാ വലയം തീര്‍ക്കും.
തര്‍പ്പണച്ചടങ്ങുകള്‍ പുലര്‍ച്ചെ 5.30-ന് ആരംഭിച്ചു. ക്ഷേത്രത്തിന്റെ തെക്കേമതില്‍ക്കെട്ടിന് പുറത്ത് 20 ബലിത്തറകളിലാണ് ചടങ്ങ് നടക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രത്തിലെ ത്രിവേണി സംഗമത്തിലും ബലി കര്‍മ്മ ചടങ്ങ് നടന്നു.
