ആലപ്പുഴ: പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയ സഖാക്കൾക്കൊപ്പം ചേർന്നു. മുദ്രാവാക്യങ്ങൾക്ക് നടുവിൽ പെരുമഴയെ തോൽപ്പിച്ച്, തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി വിപ്ലവ സൂര്യൻ യാത്രയായി. എല്ലാവർഷവും സഖാക്കൾക്ക് ദീപശിഖ കൈമാറിയിരുന്ന വിഎസ്, നാടിൻ്റെ വിപ്ലവ ദീപമായി. വലിയ ചുടുകാട്ടിൽ പ്രത്യേകം തയാറാക്കിയ ചിതയ്ക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. വിഎസിനൊപ്പം പ്രവർത്തിച്ചവർ വിഎസിന്റെ പ്രിയ സഖാക്കൾ ആ കാഴ്ചയ്ക്ക് സാക്ഷിയായി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, മറ്റു മന്ത്രിമാർ. സിപിഎം നേതാക്കളടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. നേരത്തേ കോരിച്ചൊരിയുന്ന മഴയത്താണ് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ദേഹം വലിയ ചുടുകാട്ടില്‍ എത്തിച്ചത്. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജനസഹസ്രങ്ങളാണ് വി എസിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയത്. അതിന് മുമ്പ് സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വലിയ ജനക്കൂട്ടമെത്തി. ബുധനാഴ്ച ഉച്ചയ്‌ക്ക് 12.15 ഓടെയാണ് വേലിക്കകത്തെ വീട്ടിൽ മൃതദേഹം വിലാപയാത്രയായി എത്തിയത്.
