ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് വേലിക്കകത്ത് വീട് വിട നല്‍കി. ചൊവ്വാഴ്ച 2 മണിയോടെ ആരംഭിച്ച വി.എസ് അച്യൂതാനന്ദന്റെ വിലാപയാത്ര 22 മണിക്കൂറുകള്‍ പിന്നിട്ടാണ് ആലപ്പുഴയിലെ വീട്ടിലെത്തിയത്. കാത്തുനിന്ന വന്‍ ജനാവലി ഇതിഹാസ നായകന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മഴയെ പോലും വകവെക്കാതെയാണ് പ്രിയസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ എത്തുന്നത്. കാസര്‍കോട് നീലേശ്വരം വിഎസ് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നു 22 ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും എത്തിയിട്ടുണ്ട്. വിഎസിന്റെ രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന് വേണ്ടി ആദ്യം പ്രതികരിച്ചിരുന്നത് വിഎസ് ഓട്ടാസ്റ്റാന്‍ഡിയായിരുന്നു. വിഎസിന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിലെത്തി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ എന്നിവര്‍ ഉള്‍പ്പടെ നേതാക്കളും പ്രവര്‍ത്തകരും പ്രിയ സഖാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനസാഗരമാണ് ഇവിടെ ഒഴുകിയെത്തുന്നത്.
നിസ്വവര്‍ഗത്തിന്റെ നായകനെ നെഞ്ചോടുചേര്‍ക്കാനായി കാത്തുനില്‍ക്കുന്ന വലിയ ചുടുകാട്ടിലേക്കും ജനങ്ങളുടെ ഒഴുക്കാണ്. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കും പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള മഹാനേതാക്കള്‍ക്കുമൊപ്പമാണ് വി എസിനും അന്ത്യവിശ്രമം. ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെ സംസ്‌കാരം നടക്കുക. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചതിനു ശേഷം വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയില്‍ തീ പകരും.
