ബംഗളൂരു: റായ്ച്ചൂരില്‍ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും 2 മക്കളും മരിച്ചു. മാതാവിനെയും 2 മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരവാര്‍ തിമ്മപ്പുര്‍ സ്വദേശികളായ രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കള്‍ രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും അമരക്കയും റൊട്ടിയും
ചോറും കഴിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ വയറുവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കവിതാല്‍ സ്റ്റേഷന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെങ്കിടേഷ് നായക്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ചികില്‍സയിലുള്ള മൂന്ന് പേരെയും കൂടുതല്‍ ചികിത്സയ്ക്കായി റിംസ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍
റിംസ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഭക്ഷണ സാമ്പിളുകള്‍ ബെല്ലാരി ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. പോസ്റ്റുമോര്‍ട്ടത്തിന്റെയും സാമ്പിളുകളുടെയും റിപ്പോര്‍ട്ടുകള്‍ വന്നതിനുശേഷം മരണകാരണം കൃത്യമായി അറിയാന്‍ കഴിയുമെന്ന് ആശുപത്രിയിലെ സര്‍ജന്‍ ഡോ.വിജയശങ്കര്‍ പറഞ്ഞു.
