തിരുവനന്തപുരം: ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം അവസാനിച്ചതോടെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പുറപ്പെട്ടു.
മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പ്രത്യേകം തയാറാക്കിയ കെ എസ് ആര്‍ ടി സി ബസിലാണ് വിഎസിന്റെ ഭൗതീക ശരീരം വേലിക്കകത്ത് തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ഇപ്പോള്‍ തന്നെ ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. 23 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് മൃതദേഹം കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 10 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതല്‍ കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം, പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിലാണ് വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
അന്തരിച്ച മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
