തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ പ്രിയ സഖാവിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍.
ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടില്‍നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്.
വഴിയിലുടനീളം മുദ്രാവാക്യം വിളികളുമായി ജനങ്ങള്‍ പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ആ സമരജീവിതത്തിന് തിരശീല വീഴുമ്പോള്‍ വി എസ് എന്ന വിപ്ലവ നക്ഷത്രത്തെ ഒരുനോക്കുകാണാന്‍ കൊച്ചുകുട്ടികള്‍ മുതല്‍ 90 വയസുള്ള ആളുകള്‍ വരെ മഴയെ വകവയ്ക്കാതെ ദര്‍ബാള്‍ഹാളിലെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ളെ, വിജൂ കൃഷ്ണന്‍, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട് വൃന്ദ കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തുടങ്ങിയവര്‍ ദര്‍ബാര്‍ ഹാളിലുണ്ട്. ഉച്ചയ്ക്കുശേഷം ഭൗതീകശരീരം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനവും ഒരുക്കുന്നുണ്ട്. വീട്ടിലും പൊതുദര്‍ശനമുണ്ടാവും. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വിഎസ് അന്ത്യവിശ്രമം കൊള്ളും.
