കൊച്ചി: ഒരുവിഭാഗം സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ലിമിറ്റഡ് സ്റ്റോപ്, ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പിസിസി വേണമെന്ന നിയമം പിന്‍വലിക്കുക, ഇചെലാന്‍ വഴിയുള്ള പിഴ ചുമത്തല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതില്‍ ഗതാഗത വകുപ്പ് സെക്രട്ടറി വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പെര്‍മിറ്റ് പുതുക്കുന്നതില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
