പുത്തൂര്‍: മുതിര്‍ന്ന യക്ഷഗാനകലാകാരനും രാജ്യോത്സവ അവാര്‍ഡ് ജേതാവുമായ പാതാള വെങ്കടരമണ ഭട്ട് അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉപ്പിനങ്ങാടിയിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 1951-ല്‍ കാഞ്ചന നാടക കമ്പനിയില്‍ പാചകക്കാരനായി ചേര്‍ന്നതോടെയാണ് യക്ഷഗാന മേഖലയിലേക്ക് വഴി തുറന്നത്. സൗകുരു, മുല്‍ക്കി, സൂറത്ത്ക്കല്‍, ധര്‍മ്മസ്ഥല തുടങ്ങിയ വിവിധ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. യക്ഷഗാനത്തിലെ പുരാണ സ്ത്രീ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. രംഭ, ഉര്‍വശി, മേനക, സത്യഭാമ, സുഭദ്ര, ദ്രൗപതി, മീനാക്ഷി, സ്വയംപ്രഭ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു.
തെങ്കു (തെക്കന്‍), ബഡഗുട്ടിട്ട് (വടക്കന്‍) എന്നീ യക്ഷഗാന ശൈലികളില്‍ യക്ഷഗാനം അവതരിപ്പിച്ചിരുന്നു. കര്‍ണാടക ജനപദ അക്കാദമി അവാര്‍ഡ്, കന്നഡ സാഹിത്യ പരിഷത്ത് അവാര്‍ഡ്, യക്ഷഗാന കലാരംഗ അവാര്‍ഡ്, വിദ്യാമാന്യ, യക്ഷ കലാനിധി, അഗാരി, പട്ടാജെ, ദരാജെ, കല്‍ക്കുര അവാര്‍ഡുകള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ചെന്നൈയിലെ ഹിന്ദു ധര്‍മ്മ സംഘം അദ്ദേഹത്തിന് ‘മണിവിള’ എന്ന ബഹുമതി നല്‍കി ആദരിച്ചു. അന്ത്യാഞ്ജലിയര്‍പ്പിക്കാനും ഒരു നോക്ക് കാണുവാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകിയെത്തി. പ്രശസ്ത യക്ഷഗാന കലാകാരനുമായ അംബപ്രസാദ് പാതാള, ഉപ്പിനങ്ങാടി സിഎ ബാങ്ക് ഡയറക്ടറുമായ ശ്രീറാം ഭട്ട് പാതാള എന്നിവര്‍ മക്കളാണ്. മറ്റു നാലുപെണ്‍മക്കളുമുണ്ട്.
