‘കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയും, വര്‍ഗീയത പരത്തുന്നതിന് കേസെടുത്തോളൂവെന്ന് വെള്ളാപ്പള്ളി

കൊച്ചി: വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ വെല്ലുവിളി. താനാണോ ഇവിടെ വര്‍ഗീയത പരത്തുന്നതെന്നും തന്റെ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു.
കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. ‘എന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷമാണുള്ളത്. ഞാനൊരു സമുദായത്തിനുമെതിരല്ല. പക്ഷേ, സാമൂഹിക നീതിക്ക് വേണ്ടി ഇന്നും നാളെയും ഞാന്‍ പറയും. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണം. മുസ്ലിം സമുദായത്തോട് നമുക്ക് ഒരു വിരോധവും ഇല്ല’- വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് പരിഗണന കൊടുത്തില്ല എന്ന് പറഞ്ഞപ്പോള്‍ മുസ്ലീങ്ങളെല്ലാം എനിക്കെതിരായി ഇറങ്ങി. നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം.
ഇവരാരുമല്ലല്ലോ എന്നെ അവിടെയിരുത്തിയത്. അതുകൊണ്ട് പോടാ പുല്ലെയെന്ന് ഞാനും പറഞ്ഞു.
ഈ കസേരയില്‍ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല തന്റെ ധര്‍മം. നമ്മള്‍ തുറന്നു പറഞ്ഞാല്‍ ജാതി, മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും എസ്എന്‍ഡിപിക്കില്ലെന്നും കിട്ടാത്തത് ചോദിച്ചാല്‍ മുസ്ലിം വിരോധമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സത്യം പറഞ്ഞാല്‍ കോലം കത്തിക്കും. എന്നെ കത്തിച്ചാലും അഭിപ്രായം മാറില്ല. തീയില്‍ കുരുത്തവനാണ് വെയിലത്ത് വാടില്ല. ഞാന്‍ പാവങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നവനാണ് അതിനാല്‍ പണക്കാര്‍ക്ക് എന്നെ ഇഷ്ടമല്ല. 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്. ഈഴവരുടെ സംഘടിതശക്തിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നു പന്തലിച്ചുവെന്നും സംഘടിത സമുദായങ്ങള്‍ പന പോലെ വളര്‍ന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page