കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ടില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. വയലപ്ര സ്വദേശിനി എംവി റിമയുടെ ആത്മഹത്യ ഭര്‍ത്താവിന്റെ പീഡനം കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് കമല്‍ രാജന്‍ റിമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് പറയപ്പെടുന്നത്. കമല്‍ രാജനെതിരെ കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തോളമായി റിമയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭര്‍ത്താവ് ഷിനോജ് ഒരുമാധ്യമത്തോടെ പ്രതികരിച്ചു. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും ഷിനോജ് പറയുന്നു. ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിലേക്ക് ചാടിയത്. സ്‌കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെടുത്തു. മൂന്ന് വയസുകാരന്‍ മകന്‍ റിഷിബിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.
