മംഗളൂരു: പ്രശസ്ത ആരാധനാ കേന്ദ്രമായ ധര്‍മസ്ഥലയില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ നിരവധിപേരെ കൂട്ടമായി സംസ്‌കരിച്ചുവെന്ന ശുചീകരണ ജീവനക്കാരന്റെ പരാതി വിവാദമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കര്‍ണാടക സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവിയും കര്‍ണാടക ഡിജിപിയുമായ പ്രണവ് മൊഹന്തിയാണ് അന്വേഷണ സംഘത്തലവന്‍. ഇദ്ദേഹത്തെ സഹായിക്കാന്‍ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എംഎന്‍ അനുചേത്, എസ്പി മാരായ സൗമ്യലത എസ്‌കെ, ജിതേന്ദ്ര കുമാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. കര്‍ണാടക സംസ്ഥാന വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിദഗ്ധ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഈമാസം ആദ്യം ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി ആയിരുന്നവെന്ന് അവകാശപ്പെട്ട് അജ്ഞാതനായ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി നൂറോളം സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് സംസ്‌കരിപ്പിച്ചുവെന്നും ജീവഭയം കൊണ്ടാണ് അന്ന് താനത് ചെയ്തതെന്നും മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലങ്ങള്‍ പൊലീസിന് കാണിച്ചുകൊടുക്കാമെന്നും വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ മകളെ 20 വര്‍ഷം മുമ്പ് കാണാതായിരുന്നുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അതും അന്വേഷിക്കണമെന്നും പരാതി നല്‍കിയിരുന്നു. ഇക്കാര്യം ആദ്യമായി പൊലീസിന് മുന്നില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലും കേരളത്തിലെ കാസര്‍കോട് ജില്ലയിലും സംഭവത്തെകുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
