ഉള്ളാള്‍: കനത്ത മഴയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സോമേശ്വര കുമ്പള ആശ്രയ കോളനിയില്‍ താമസിക്കുന്ന കേശവ ഷെട്ടി(64)യുടെ മൃതദേഹം ഉച്ചിലയില്‍ നിന്നാണ് കണ്ടെത്തിയത്. ജൂലൈ 16 നാണ് കേശവ ഷെട്ടിയെ കാണാതായത്. ബുധനാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കനത്ത മഴയില്‍ തോട് മുറിച്ച് കടക്കുന്നതിനിടെ വീണുപോവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തോടിന് സമീപം തിരച്ചില്‍ നടത്തി. അര്‍ധരാത്രി വരെ തിരച്ചില്‍ നീണ്ടുവെങ്കിലും കേശവിനെ കണ്ടെത്താനായില്ല. കേശവ് ഉപയോഗിക്കുന്ന വടി കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹം വീണതായി പറയപ്പെടുന്ന സ്ഥലത്തുനിന്ന് ഏകദേശം 10 കിലോമീറ്റര്‍ താഴെ ഉച്ചില പുഴയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തഹസില്‍ദാര്‍, പൊലീസ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
