ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരന്‍ എം.കെ.മുത്തു(77) അന്തരിച്ചു. എം.കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനായി വച്ചു. മുത്തുവിന്റെ വിയോഗത്തെത്തുടര്‍ന്ന്, ഡി.എം.കെ. ഇന്നു നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
നടനും ഗായകനുമായിരുന്നു മുത്തു. 1970-കളില്‍ പിതാവ് കരുണാനിധി എഴുതിയ ആനയ വിളക്ക്, പൂക്കാരി, പിള്ളയോ പിള്ള എന്നിവയുള്‍പ്പെടെ നിരവധി തമിഴ് സിനിമകളില്‍ അഭിനച്ചിട്ടുണ്ട്.
അഭിനയത്തിനപ്പുറം, മുത്തു ഒരു പിന്നണി ഗായകനെന്ന നിലയിലുള്ള തന്റെ കഴിവ് പ്രകടിപ്പിച്ചു.
2008 ല്‍, സംഗീത സംവിധായകന്‍ ദേവയുടെ കീഴില്‍ മട്ടുതവാണി എന്ന സിനിമയിലെ ഒരു ഗാനം ഹിറ്റായിരുന്നു. മുത്തുവിനെ രാഷ്ട്രീയത്തില്‍ പിന്‍ഗാമിയാക്കാനാണ് ആദ്യം കരുണാനിധി ആഗ്രഹിച്ചത്. പിന്നീട് എംജിആറിനെ നേരിടാന്‍ മുത്തുവിനെ കരുണാനിധി സിനിമയിലേക്ക് ഇറക്കി. 1970കളില്‍ ചില സിനിമകളില്‍ നായകനായെങ്കിലും വിജയിച്ചില്ല. ഇതിന് ശേഷം പിതാവും മകനുമായി തര്‍ക്കമുണ്ടായി പിണങ്ങി. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20ാം വയസില്‍ പദ്മാവതി മരിച്ചത്. അതിനു ശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിന്‍. മുത്തു ഡിഎംകെ വിട്ട് ജയലളിതയ്‌ക്കൊപ്പം എഐഎഡിഎംകെയിലേക്ക് പോയി. 2009 ല്‍ രോഗബാധിതനായിരിക്കെ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലം ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന പിണക്കം മാറിയത്.
