തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും ഛായഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.
ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോരൂര് ശ്മശാനത്തില്‍ സംസ്‌കാരം. നടനായും വേലു പ്രഭാകരന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഛായാഗ്രാഹകനായി സിനിമയില്‍ തുടക്കം കുറിച്ച വേലു പ്രഭാകരന്‍, 1989 ല്‍ നാളെയ മനിതന്‍ എന്ന സിനിമയിലൂടെയാണ് ആദ്യമായി സംവിധായകന്റെ വേഷമിട്ടത്. പിറ്റേവര്‍ഷം ഇതിന്റെ തുടര്‍ച്ചയായി അതിശയ മനിതന്‍ എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് ചെയ്ത അസുരന്‍, രാജാലി എന്നീ സിനിമകള്‍ പരാജയമായി. വേലു പ്രഭാകരന്‍ സംവിധാനം ചെയ്ത കാതല്‍ അരംഗം ഏറെ വിവാദമായി. തമിഴ് നാട്ടിലെ ജാതിയും ലൈംഗികതയും ഇതിവൃത്തമാക്കിയുള്ള ചിത്രമായിരുന്നു കാതല്‍ അരംഗം. പല ഭാഗങ്ങളും നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏതാനും സീനികള്‍ ഒഴിവാക്കിയും സംഭാഷണം മ്യൂട്ട് ചെയ്തും കാതല്‍ കഥൈ എന്ന പേരില്‍ റിലീസ് ചെയ്യുകയായിരുന്നു.
കടവുള്‍, ശിവന്‍, ഒരു ഇയക്കുണരില്‍ കാതല്‍ ഡയറി തുടങ്ങിയവ വേലു പ്രഭാകരന്‍ സംവിധാനം ചെയ്ത സിനിമകളാണ്. 11 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘ഗാങ്‌സ് ഓഫ് മദ്രാസ്’, ‘കാഡവര്‍’, ‘പിസ്സ 3: ദി മമ്മി’, ‘റെയ്ഡ്’, ‘വെപ്പണ്‍’, ‘അപ്പു ഢക എസ്ടിഡി’ തുടങ്ങിയ 20 സിനിമകളില്‍ വേലു പ്രഭാകരന്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ഗജാന എന്ന ചിത്രത്തിലായിരുന്നു. നടിയും സംവിധായകയുമായ ജയാദേവിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചനം നേടിയ വേലു പ്രഭാകരന്‍ 2017 ല്‍ ഷേര്‍ളി ദാസിനെ വിവാഹം കഴിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page