ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതം ആസ്പദമാക്കിയുള്ളതെന്ന് അവകാശപ്പെടുന്ന സിനിമക്കും സെന്‍ട്രല്‍ ബോഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പണി കിട്ടി. നിര്‍മ്മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപേക്ഷകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നു സിബിഎഫ്‌സി കോടതിയെ അറിയിച്ചു.
അജയ്: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഒഫ് എ യോഗി എന്ന സിനിമയുടെ ടീസര്‍, ട്രെയിലര്‍, പ്രൊമോഷണല്‍ ഗാനം എന്നിവയുള്‍പ്പെടെ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷകളില്‍ നടപടിയെടുക്കുന്നതില്‍ സിബിഎഫ്‌സി പ്രകടിപ്പിച്ച പക്ഷപാതപരവും യുക്തിരഹിതവും വിശദീകരിക്കാനാവാത്തതുമായ കാലതാമസത്തെ സിനിമയുടെ നിര്‍മ്മാതാക്കളായ സാമ്രാട്ട് സിനിമാറ്റിക്‌സ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.
നിയമമനുസരിച്ച് സര്‍ട്ടിഫിക്കേഷനു നല്‍കുന്ന അപേക്ഷയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നു അഭിഭാഷകരായ രവി കദം, സത്യത്യ ആനന്ദ്, നിഖില്‍ ആരാധെ എന്നിവര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, പരാതിക്കാര്‍ മുന്‍ഗണനാ അനുമതി തേടുകയും മൂന്നിരട്ടി തുക അടക്കുകയും ചെയ്തിട്ടുണ്ടെന്നും കദം കോടതിയില്‍ പറഞ്ഞു.
കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ച് ഫിലിം സര്‍ട്ടിഫിക്കേഷനുള്ള നിയമാനുസൃത സമയ പരിധി സെന്‍സര്‍ ബോര്‍ഡ് പാലിക്കണമെന്നു നിര്‍ദ്ദേശിച്ചു. പ്രയോഗ്രാഫിക് ചാര്‍ജുകള്‍ അടച്ച സാഹചര്യത്തില്‍ അപേക്ഷയില്‍ വാദം കേല്‍ക്കാനാവില്ലെന്നും എന്നാല്‍ അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
1952ലെ സിനിമാട്ടോഗ്രാഫ് ആക്ട്, 2024ലെ സിമാട്ടോഗ്രാഫ് (സര്‍ട്ടിഫിക്കേഷന്‍) നിയമങ്ങള്‍ എന്നിവ പ്രകാരം നിശ്ചയിച്ചിട്ടുള്ള നിയമപരമായ സമയ പരിധിക്കുള്ളില്‍ അപേക്ഷകളില്‍ നടപടിയെടുക്കുന്നതില്‍ സിബിഎഫ്‌സി ഗുരുതരമായി പരാജയപ്പെട്ടുവെന്നു പരാതിക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സിനിമക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന സിബിഎഫ്‌സിയുടെ ആവശ്യം തെറ്റായതും ബാഹ്യവും അടിസ്ഥാനരഹിതവുമാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഈ ആവശ്യം നിയമപരമല്ലെന്ന് അവര്‍ വാദിച്ചു.
2025 ജൂണ്‍ 5നാണ് സിനിമയുടെ സര്‍ട്ടിഫിക്കേഷനു നിര്‍മ്മാതാക്കള്‍ ആദ്യം അപേക്ഷിച്ചത്. നിയമമനുസരിച്ചു ഏഴു ദിവസത്തിനുള്ളില്‍ അപേക്ഷ പരിശോധിക്കുകയും 15 ദിവസത്തിനുള്ളില്‍ ചിത്രം പ്രദര്‍ശനത്തിനു റഫര്‍ ചെയ്യുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഒരു മാസത്തോളം അപേക്ഷയില്‍ നടപടി ഉണ്ടായില്ല. ഇതിനെത്തുടര്‍ന്നു ജുലൈ 3 ന് വീണ്ടും അപേക്ഷിച്ചു. ഇതിനു സാധാരണ ഫീസിന്റെ മൂന്നിരട്ടി ഫീസുമടച്ചു. ഇതിനെ തുടര്‍ന്നു ജുലൈ 7ന് സ്‌ക്രീനിംഗ് തീരുമാനിച്ചു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ജുലൈ 6ന് സ്‌ക്രീനിംഗ് ഷെഡ്യൂള്‍ മാറ്റുകയായിരുന്നു.
