ഷാർജയിലെ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനെയും വീട്ടുകാരെയും നാട്ടിലെത്തിക്കും, പൊലീസ് അന്വേഷണം ശക്തമാക്കുന്നു

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത പൊലീസ് അവരെ നാട്ടിൽ എത്തിച്ചു ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പൊലീസാണ് കേസ് എടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം എന്നറിയുന്നു. അതിനിടെ യുവതിയുടെ സഹോദരൻ വിനോദ് തിങ്കളാഴ്ച്ച രാത്രി കാനഡയിൽ നിന്ന് യുഎഇയിലെത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. എന്നാൽ വിപഞ്ചികയുടെ പോസ്റ്റുമോർട്ടം നടന്നിട്ടില്ല. അതിനു ശേഷം മാത്രമേ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുകയുള്ളൂ എന്നാണ് വിവരം. അതേസമയം വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. അതിനാല്‍ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന്‍റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്ന് വിപഞ്ചികയുടെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ പറയുന്നു. ഷാര്‍ജയിലെ പരിശോധനകളില്‍ വിശ്വാസമില്ലെന്നും നാട്ടില്‍ എത്തിക്കുന്ന മ‍തദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്നും അഡ്വ. മനോജ് കുമാര്‍ വ്യക്തമാക്കി. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യക്കുറിപ്പ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ​ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച് ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെ(33)യും മകള്‍ വൈഭവിയെയും ഷാര്‍ജ അൽ നഹ്ദയിലെ ഫ്‌ളാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page