ന്യൂഡല്‍ഹി: ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. പാര്‍ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ വാദങ്ങള്‍ ഉന്നയിച്ച് തിരുപതി നരസിംഹ മുരാരി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. പാര്‍ട്ടിയുടെ ഭരണഘടന മതേതര കാഴ്ചപ്പാടുകള്‍ക്ക് എതിരാണെന്നും, മുസ്ലിം മത വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഒവൈസിയുടെ പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നാക്ക അവസ്ഥയില്‍ ഉള്ള എല്ലാവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
