ബംഗളൂരു: വിവാഹ ചടങ്ങിന് ശേഷം നടന്ന അത്താഴ വിരുന്നില്‍ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരു യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചു. ചിക്കന്‍ കഷണം കൂടുതല്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. യാരഗട്ടി സ്വദേശി 30 വയസുള്ള വിനോദ് മലഷെട്ടിയെയാണ് സുഹൃത്ത് വിത്തല്‍ ഹരുഗോപ്പ് കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി യാരഗട്ടിയിലെ ഒരു പാടത്താണ് അത്താഴ വിരുന്ന് നടന്നത്. സുഹൃത്ത് അഭിഷേക് കൊപ്പാടിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു വിനോദ്. ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വിത്തല്‍ ഹരുഗോപ്പിനോട് വിനോദ് കൂടുതല്‍ ചിക്കന്‍ ആവശ്യപ്പെടുകയായിരുന്നു. തരില്ലെന്ന് പറഞ്ഞതോടെ വിത്തലിനെ വിനോദ് ചീത്തവിളിച്ചു. പ്രകോപിതനായ വിത്തല്‍ വിനോദിന്റെ വയറ്റില്‍ കുത്തിയെന്നു പൊലീസ് പറഞ്ഞു. പരിക്കുകള്‍ മാരകമായിരുന്നുവെന്നും, ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് വിനോദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നുമാണ് വിവരം. മുറഗോഡ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോഴിക്കഷണങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ബെലഗാവി ജില്ലാ പൊലീസ് സൂപ്രണ്ട് ഭീമശങ്കര്‍ ഗുലേദ് സ്ഥിരീകരിച്ചു. കൊലപാതകം നടക്കുമ്പോള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് ഗുലേദ് പറഞ്ഞു.
അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് വരനായ അഭിഷേക് കൊപ്പാടാണ് അത്താഴം ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
